Header Ads

Header Ads

കുപ്പി മോഷ്ടിക്കാൻ ശ്രമിച്ച യുവ സംഗീത സംവിധായകനെ കയ്യോടെ പൊക്കി ഹോട്ടൽ ജീവനക്കാരൻ

 


കുപ്പി വരുത്തി വച്ച വിന!


കഴിഞ്ഞ ആഴ്ച്ച ചെന്നൈയിൽ പോയപ്പോൾ നല്ലൊരു സ്റ്റാർ ഹോട്ടൽ നോക്കി മുറിയെടുത്തു. റൂമിലോട്ട് കേറിയപ്പോൾ തന്നെ ആദ്യം കണ്ണിൽ പെട്ടത് നല്ല ഭംഗിയുള്ള 4 വെള്ളത്തിന്റെ കുപ്പികൾ. സാധാരണ ഹോട്ടൽ റൂമുകളിൽ കോംപ്ലിമെന്ററി ആയി 2 പ്ലാസ്റ്റിക് ബോട്ടിൽ ആണ് കാണാറുള്ളത്. ഇതാണേൽ ഒരു പ്രത്യേക ഷേപ്പുള്ള നല്ല പ്രീമിയം ലുക്ക് ഉള്ള 4 കുപ്പികൾ. കണ്ടപ്പോൾ എനിക്കൊരു സംശയം, ഇതിന് ഇവന്മാർ ഇനി വേറെ കാശ് വാങ്ങുമോ. അല്ലെങ്കിൽ 4 കുപ്പിയൊന്നും വയ്‌ക്കേണ്ട കാര്യമില്ലല്ലോ. ഉടൻ തന്നെ സംശയം തീർത്തേക്കാം എന്ന് കരുതി റിസപ്ഷനിൽ വിളിച്ചു ചോദിച്ചു 


"ഈ റൂമിൽ ഇരിക്കുന്ന വാട്ടർ ബോട്ടിൽ കോംപ്ലിമെന്ററി ആണോ?" 


"അതെ സർ' എന്നായിരുന്നു മറുപടി. 


എന്നാലും പ്രീമിയം ലുക്ക് ഉള്ള കുപ്പി ആയതു കൊണ്ട് ഞാൻ ഒന്ന് കൂടെ ഉറപ്പു വരുത്തി. 

അടുത്ത ദിവസം ചെക്ക്‌ഔട്ട് ചെയ്യാൻ നേരം നോക്കിയപ്പോൾ ആകെ ഒരു കുപ്പിയെ ഉപയോഗിച്ചിട്ടുള്ളു. ഒന്നും ആലോചിച്ചില്ല, നാല് കുപ്പിയും എടുത്തു പെട്ടിയിലാക്കി. പൊട്ടുന്ന കുപ്പി ആയതു കൊണ്ട് ഭദ്രമായി തുണികൾക്കിടയിൽ വച്ച് മൂടി. മുമ്പൊക്കെ ഹോട്ടലിൽ താമസിക്കുമ്പോൾ ഫ്രീ ആയി കിട്ടുന്ന സോപ്പും ഷാംപൂവും കാപ്പി പൊടിയും തേയിലയും എല്ലാം എടുത്തു ബാഗിലാക്കി ആയിരുന്നു ഇറങ്ങിയിരുന്നത്. പിന്നെ മനസ്സിലാക്കി ഇതെല്ലാം  പൊതിഞ്ഞു കൊണ്ട് പോകുന്നതല്ലാതെ ഉപയോഗിക്കുന്നില്ല എന്ന്. അതോടെ ആ പരിപാടി നിർത്തിയിരുന്നു. എന്നാലും ഈ മനോഹരമായ കുപ്പികൾ ഒഴിവാക്കാൻ തോന്നിയില്ല. വീട്ടിലെ ഫ്രിഡ്‌ജിൽ ഈ കുപ്പികളിൽ വെള്ളം നിറച്ചു വച്ച് മോന്തുന്നതും ഓർത്ത്  പുളകിതനായാണ് കുപ്പി ഭദ്രമായി പെട്ടിയിൽ വച്ചത്. 

ഒടുവിൽ ചെക്ക്‌ഔട്ട് ചെയ്യാനായി റിസപ്ഷനിൽ എത്തി കീ കൊടുത്തപ്പോൾ റിസപ്‌ഷനിസ്റ് പറഞ്ഞു 


"സർ..റൂം ഒന്ന് ചെക്ക് ചെയ്തോട്ടെ" 


"ഞാൻ ഒന്നും ഓർഡർ ചെയ്തിട്ടില്ല" എന്ന് മറുപടി കൊടുത്തു. 


എന്നാലും അവരുടെ നടപടി ക്രമങ്ങളുടെ ഭാഗമായി അവർ ആളെ വിട്ട് റൂം പരിശോധിക്കുന്നത് വരെ ഞാനും കാത്തു നിന്നു. റൂമിൽ നിന്ന് റിസപ്‌ഷനിലോട്ടു വിളി വന്നപ്പോൾ "ഒന്നൂടെ ശരിക്കു നോക്കൂ, ഉറപ്പാണോ" എന്നൊക്കെ റിസപ്ഷനിസ്റ് ചോദിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.  

ഫോൺ വച്ച ഉടൻ അയാൾ എന്നോട് ചോദിച്ചു 


"സാർ..മുറിയിൽ നിന്ന് കുപ്പികൾ വല്ലതും എടുത്തിരുന്നോ?"   

       

ഞാൻ വളരെ കോൺഫിഡന്റ് ആയി പറഞ്ഞു "എടുത്തിരുന്നു...അത് കോംപ്ലിമെന്ററി അല്ലേ..ഞാൻ വിളിച്ചു ചോദിച്ചിരുന്നല്ലോ ഇന്നലെ" 


അയാളുടെ മറുപടി "അയ്യോ സാർ...അതിലെ വെള്ളം മാത്രമാണ് കോംപ്ലിമെന്ററി. കുപ്പി ഇല്ല" 


പ്ലിങ്!! 


ഒരു നിമിഷത്തേക്ക് പരുങ്ങി പോയ ഞാൻ ചോദിച്ചു "അതെങ്ങനെ ശരിയാകും..ലോകത്തെവിടെയും അങ്ങനെ കേട്ടിട്ടില്ലല്ലോ. ഞാൻ കൃത്യമായി വിളിച്ചു ചോദിച്ചതല്ലേ കോംപ്ലിമെന്ററി ആണോ എന്ന്' 


റിസപ്‌ഷനിസ്റ് പറഞ്ഞു "അല്ല സർ..ഇവിടെ ഉപയോഗിച്ച ശേഷം കാലി കുപ്പി തിരിച്ചു കമ്പനിക്ക് അയച്ചു കൊടുത്ത് സ്റ്റെറിലൈസ് ചെയ്തു വീണ്ടും നിറച്ചു കൊണ്ട് വരികയാണ് ചെയ്യുന്നത്" 


ആ നിമിഷം ഞാൻ മനസ്സിലാക്കി 'ജാങ്കോ...നീ പെട്ടു'. അവിടെ വച്ച് പെട്ടി തുറന്നു തുണികളുടെ ഇടയിൽ നിന്ന് കുപ്പികൾ എടുത്തു തിരിച്ചു കൊടുക്കുന്ന സീൻ ഒന്ന് ആലോചിച്ചു നോക്കിയേ. പെട്ടെന്ന് ഒരു നിമിഷം കയ്യിൽ കാശില്ലാത്തത് കൊണ്ട് കാബൂളിവാലയിൽ ഇന്നസെന്റ് ശങ്കരാടിക്ക് പുട്ടു പൊതി തിരിച്ചു കൊടുക്കുന്ന സീൻ ഒന്ന് മിന്നി മറഞ്ഞു. 

പിന്നെ ഒന്നും ആലോചിച്ചില്ല..രണ്ടും കൽപ്പിച്ചു മറ്റേ ഐറ്റം ഇറക്കി. കോൺഫിഡൻസ് കൊണ്ടുള്ള കളി. 


"ലുക്ക് മാഗ്ഗി...ഐയാം ഗോയിങ് ടു പേ ദി ബിൽ. വില എനിക്കൊരു പ്രശ്നമല്ല, കുപ്പി എനിക്ക് അങ് ഇഷ്ടപ്പെട്ടു പോയി. ഇത് നിങ്ങൾ എനിക്ക് തരണം. ഈ കുപ്പികൾ ഞാൻ ഇങ്ങെടുക്കുവാ"   

 

കേട്ട് നിന്ന റിസപ്‌ഷനിസ്റ് പറഞ്ഞു "ശരി സർ..ഒരു കുപ്പിക്ക് 50 രൂപയും ടാക്സും. അങ്ങനെ നാല് കുപ്പിക്ക് 256 രൂപ ആവും"


ഞാൻ പറഞ്ഞു 'നോ പ്രോബ്ലം...കുപ്പി ഇഷ്ടപ്പെട്ടു പോയാൽ പിന്നെ എന്ത് ചെയ്യും. ടേക്ക് ഇറ്റ് ഫ്രം മൈ കാർഡ്"  


പുറമെ വല്യ പണക്കാരനെ പോലെ ഭാവിച്ചു ഉള്ളിൽ കരഞ്ഞു കൊണ്ട് ഞാൻ കാർഡ് കൊടുത്തു. 

അങ്ങനെ ഫ്രീ ആയി കിട്ടിയ വെള്ളത്തിന് 256 രൂപയും കൊടുത്ത് അവിടെ നിന്ന് ഇറങ്ങുമ്പോൾ ദുഃഖം മറക്കാനായി ഞാൻ മനസ്സിൽ ഓർത്തു.. 

'വൗ..ഒരു പ്രതിസന്ധി ഘട്ടം വന്നപ്പോൾ ഞാൻ പതറാതെ, എത്ര മനോഹരമായി കൈകാര്യം ചെയ്തു'. എന്നോട് തന്നെ അഭിമാനം തോന്നി കൊണ്ട് ഞാൻ അവിടെ നിന്ന് പടിയിറങ്ങി. No comments: