Header Ads

Header Ads

ഇന്നത്തെ സായാഹ്‌ന വാർത്തകൾ | 2020 സെപ്റ്റംബർ 18

 

Latest News

സായാഹ്‌ന വാർത്തകൾ

2020 സെപ്റ്റംബർ 18  | വെള്ളിയാഴ്ച 🔳നയതന്ത്ര ബാഗിലൂടെ ഖുര്‍ ആന്‍ കൊണ്ടുവന്ന സംഭവത്തില്‍ യുഎഇ കോണ്‍സുലേറ്റിനെതിരേ കസ്റ്റംസ് കേസ്. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കള്‍ പുറത്തു വിതരണം ചെയ്തതിനാണ് കേസ്. കോണ്‍സുലേറ്റിനകത്ത് ആവശ്യമുള്ള വസ്തുക്കളാണ് നയതന്ത്ര ബാഗിലൂടെ കൊണ്ടുവരാവുന്നത്. അതു പുറത്തു വിതരണം ചെയ്യണമെങ്കില്‍ രാജ്യത്തിന്റെ അനുമതി വേണം. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ കസ്റ്റംസും എന്‍ഐഎയും ചോദ്യം ചെയ്യും.


🔳മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രക്ഷോഭകര്‍ക്കെതിരേ പോലീസിന്റെ ജലപീരങ്കി പ്രയോഗം. കോട്ടയത്തു ലാത്തിച്ചാര്‍ജ്. സെക്രട്ടേറിയറ്റിനു മുന്നിലും മലപ്പുറം കളക്ടറേറ്റിലും സമരക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ബിജെപി, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വെവ്വേറെ സമയങ്ങളിലായാണ് പ്രക്ഷോഭവുമായി എത്തിയത്.


🔳അടിമലത്തുറ-ആഴിമലക്കടലില്‍ കുളിക്കാനിറങ്ങി കാണാതായ നാലു പേരില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. പുല്ലുവിള ചാവടിനടയ്ക്ക് സമീപം ജോണ്‍സണ്‍ ക്ലീറ്റസ്(24), പുല്ലുവിള കൊച്ചുപള്ളി സ്വദേശി മനു നെപ്പോളിയന്‍(23) എന്നിവരുടെ മൃതദേഹമാണ് വിഴിഞ്ഞം ഭാഗത്തുനിന്ന് വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. പുല്ലുവിള പള്ളിപുരയിടത്ത് സാബു ജോര്‍ജ്(23), പുല്ലുവിള കൊച്ചുപള്ളിക്ക് സമീപം സന്തോഷ് വര്‍ഗീസ്(25) എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. കുളിക്കാനിറങ്ങിയ പത്തു പേരില്‍ നാല് പേരെയാണ് കാണാതായത്. അപകടത്തില്‍ പെട്ട് മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സിലാണ്.


🔳ലഡാക്ക് അതിര്‍ത്തിയിലെ ഡെപ്‌സാംഗ് സമതലം പിടിച്ചെടുക്കാനാണ് ചൈന സൈനിക നീക്കങ്ങള്‍ നടത്തുന്നതെന്ന് കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍. ഗല്‍വാന്‍ താഴ് വരയിലും ഗോഗ്രാം മേഖലയിലും പാംഗോഗ് താടകതീരത്തും വന്‍തോതിലുള്ള ചൈനീസ് സാന്നിധ്യമുണ്ടെങ്കിലും ചൈനയുടെ ലക്ഷ്യം ഡെപ്‌സാംഗ് സമതലമാണെന്നാണു മുന്നറിയിപ്പ്. മറ്റിടങ്ങളില്‍ സംഘര്‍ഷ സാഹചര്യം സൃഷ്ടിച്ച് ഇന്ത്യന്‍ സേനകളുടെ ശ്രദ്ധ അങ്ങോട്ടുതിരിച്ച ശേഷം പിടിച്ചെടുക്കാനാണ് ശ്രമം.


🔳നവംബറോടെ 10 കോടി യൂണിറ്റ് റഷ്യന്‍ നിര്‍മിത കോവിഡ് വാക്സിന്‍ ഇന്ത്യയിലെത്തും. ഡോ.റെഡ്ഡീസ് ലബോറട്ടറീസ് റഷ്യയിലെ സര്‍ക്കാര്‍ നിക്ഷേപ സ്ഥാപനവുമായി കരാറിലെത്തി. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായാണ് കരാര്‍. അവസാന പരീക്ഷണഘട്ടത്തിലുള്ള സ്പുട്നിക്-വിയാകും രാജ്യത്ത് ലഭ്യമാക്കുക. ഇന്ത്യയിലെ വിജയകരമായ പരീക്ഷണങ്ങള്‍ക്കും അനുമതിക്കും ശേഷമാകും വിപണിയിലെത്തുക.


🔳മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുളളതുകൊണ്ടാണ് ആരേയും കൂസാതെ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി കെ.ടി. ജലീല്‍. തെറ്റു ചെയ്യാത്ത തനിക്ക് ആരേയും പേടിക്കാനില്ലെന്ന് അദ്ദേഹം  സാമൂഹ്യ മാധ്യമങ്ങളില്‍ വിശദീകരിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ദേശീയ അന്വേഷണ ഏജന്‍സിയും ചോദ്യംചെയ്തതിനെ തുടര്‍ന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേരളം മുഴുവന്‍ പ്രതിഷേധം കനക്കുന്നതിനിടയിലാണ് പ്രതികരണം.


🔳സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി അടുത്ത മാസം എട്ടുവരെ നീട്ടി. കൊച്ചി എന്‍ഐഎ കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. ജാമ്യം നല്‍കണമെന്ന് സ്വപ്ന സുരേഷ് വാദത്തിനിടെ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി.


🔳സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഈ വര്‍ഷം അവസാനത്തോടെ രൂക്ഷമാകും.  1400 കോടിയുടെ ഓവര്‍ഡ്രാഫ്റ്റിലാണ് ട്രഷറി. 14 ദിവസത്തിനകം ഓവര്‍ ഡ്രാഫ്റ്റ് തുക തിരിച്ചടച്ചില്ലെങ്കില്‍ ട്രഷറി സ്തംഭിക്കും. ജിഎസ്ടി നഷ്ടപരിഹാരമായി ഏപ്രില്‍ മുതല്‍ കേന്ദ്രത്തില്‍നിന്ന് ഏഴായിരം കോടി രൂപ കുടിശികയാണ്. പണം തത്കാലം കിട്ടാനിടയില്ല. ഈ വര്‍ഷം ജിഎസ്ടി വരുമാനം 30 ശതമാനമെങ്കിലും കുറയും. സംസ്ഥാനത്തെ വരുമാനത്തില്‍ 33,456 കോടിയുടെ കുറവുണ്ടാകുമെന്നാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിലയിരുത്തല്‍.


🔳സംസ്ഥാനത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പോലീസിന്റെ ലോക് ഡൗണ്‍ പിരിവ്. പകര്‍ച്ചവ്യാധി വ്യാപന നിയന്ത്രണം നിയമം ലംഘിച്ചെന്ന് ആരോപിച്ച് രണ്ടായിരം രൂപ മുതല്‍ പതിനായിരം രൂപവരെ പിഴവേട്ട നടത്തുകയാണ് പോലീസ്. ഓരോ പോലീസ് സ്‌റ്റേഷനും രണ്ടായിരം പേരില്‍നിന്നെങ്കിലും പിഴ പിരിക്കണമെന്നാണ് നിര്‍ദേശം.


🔳നിയമസഭാംഗത്വത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു സ്‌നേഹാശംസകളുമായി നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയുടെ വസതിയിലെത്തി പൊന്നാടയണിയിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു.


🔳പ്രശസ്ത ആനചികിത്സാ വിദഗ്ധന്‍ അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ അന്തരിച്ചു. 90 വയസായിരുന്നു. റേഡിയോ എന്‍ജിനീയറായ അദ്ദേഹം പ്രശസ്ത വിഷവൈദ്യനും ആയിരുന്നു.  


🔳മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ചു മരിച്ച കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമനു കോടതിയുടെ അന്ത്യശാസനം. കഴിഞ്ഞ തവണകളില്‍ ഹാജരാകാതിരുന്ന ശ്രീരാം വെങ്കിട്ടരാമനോട് അടുത്ത മാസം നടക്കുന്ന വിചാരണയില്‍ നേരിട്ടു  ഹാജരാകണമെന്ന് ഉത്തരവിട്ടു.


🔳മാധ്യമ പ്രവര്‍ത്തകര്‍ത്തകര്‍ക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ച രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ വായിച്ച വനിതകള്‍ക്കെതിരേ പ്രചാരണം നടത്തിയവരാണു പിടിയിലായത്. വിനീത്, ജയജിത്ത് എന്നിവരെ അറസ്റ്റു ചെയ്ത് വിട്ടയച്ചു.


🔳രാജ്യത്ത് കളിപ്പാട്ടങ്ങളില്‍ ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നു. ജനുവരി ഒന്നു മുതല്‍ ഇതു പ്രാബല്യത്തിലാകും. ചൈനയില്‍നിന്ന് നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാനാണ് നടപടി.


🔳വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിലക്ക് ഏര്‍പ്പെടുത്തി. കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി.


🔳കാര്‍ഷികോല്‍പന്നങ്ങള്‍ക്കു ന്യായ വില ലഭിക്കുന്ന നിയമമാണ് പാര്‍ലമെന്റ് പാസാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ക്കെതിരായ നിയമമെന്ന് ആരോപിച്ച് ഒരു മന്ത്രി ഇന്നലെ രാജിവച്ചിരുന്നു. എന്‍ഡിഎയിലെ ജെജെപിയും പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്.


🔳പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ശബര്‍രി ദത്ത ദുരൂഹ സാഹചര്യത്തില്‍ കൊല്‍ക്കത്തയിലെ വീട്ടില്‍ മരിച്ച നിലയില്‍. 63 വയസായിരുന്നു. ബംഗാളി കവി അജിത്ത് ദത്തയുടെ മകളാണ്.


🔳കോവിഡ്-19 ബാധിച്ച് മരിച്ചവര്‍ക്ക് അന്തിമകര്‍മം നിര്‍വഹിക്കാന്‍ ബന്ധുക്കള്‍ക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ അനുമതി. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചു കൊണ്ട് ആചാരമനുസരിച്ചുള്ള കര്‍മങ്ങള്‍ നിര്‍വഹിക്കാമെന്ന് ഹൈക്കോടതി.


🔳കോവിഡ് കാലത്ത് മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിച്ചും സ്വയം സംരക്ഷിതരാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പിറന്നാള്‍ ആശംസകള്‍ നേര്‍ന്നവര്‍ക്കു നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള സന്ദേശത്തിലാണ് ഇതായിരിക്കട്ടെ പിറന്നാള്‍ സമ്മാനമെന്നും മോദി പറഞ്ഞു.

 

🔳സൈബര്‍ സെല്‍ പോലീസ് ഓഫീസര്‍ ചമഞ്ഞ് സ്ത്രീകള്‍  താമസിക്കുന്ന വീട്ടിലെത്തി കബളിപ്പിക്കുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കുറുപുഴ വില്ലേജില്‍ നന്ദിയോട് പൗവത്തുര്‍ സ്മിതാ ഭവനില്‍  ദീപു കൃഷ്ണന്‍ എന്ന മുപ്പത്താറുകാരനെയാണ് പാലോട് പോലീസ് അറസ്റ്റു ചെയ്തത്.


🔳നാലു ദിവസം പഴക്കമുള്ള നവജാത ശിശുവിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസറില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലാണ് സംഭവം. മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച വിവരം ആശുപത്രി ജീവനക്കാര്‍ മറന്നുപോയെന്നാണു വിശദീകരണം.


🔳വന്‍ വികസനത്തിനൊരുങ്ങി സിറ്റി ബാങ്ക് ഇന്‍ കോര്‍പറേറ്റഡ്. ഏഷ്യയിലെമ്പാടും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആറായിരം യുവാക്കള്‍ക്ക് ജോലി കൊടുക്കുമെന്നാണ് പ്രഖ്യാപനം. 24 വയസിന് താഴെയുള്ള 60000 പേര്‍ക്ക് ട്രെയിനിങ് നല്‍കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഏഷ്യയിലെ വരുമാനം കുറഞ്ഞ സമൂഹങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധം 35 ദശലക്ഷം ഡോളര്‍ 2023 നുള്ളില്‍ നിക്ഷേപിക്കാനാണ് ബാങ്കിന്റെ തീരുമാനം.


🔳ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ റീട്ടെയില്‍ സ്റ്റോര്‍ സെപ്റ്റംബര്‍ 23ന് തുടങ്ങും. ഇതോടെ ആപ്പളിന്റെ എല്ലാ ഉത്പന്നങ്ങളും രാജ്യത്ത് ലഭ്യമാകും. രാജ്യത്ത് എഡ്യുക്കേഷന്‍ സ്റ്റോര്‍ തുടങ്ങാനും പദ്ധതിയുണ്ട്. മാക് കംപ്യൂട്ടറുകള്‍, ഐപാഡ് തുടങ്ങിയവ പ്രത്യേക വിലയിലായിരിക്കും ഇവിടെ ലഭിക്കുക. ആപ്പിളിന്റെ പ്രീമിയം സപ്പോര്‍ട്ട് ആപ്പിള്‍ കെയര്‍ പ്ലസും ഇതോടൊപ്പം ലഭ്യമാകും.


🔳രണ്ടാമൂഴം സിനിമായ്ക്കുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ എംടി വാസുദേവന്‍ നായരും സംവിധായകന്‍ വി. എ ശ്രീകുമാറും ഒത്തുതീര്‍പ്പായി. തിരക്കഥ തിരിച്ചു നല്‍കണമെന്ന എംടിയുടെ പരാതിയിലാണ് ഒത്തുതീര്‍പ്പിലെത്തിയത്. അഡ്വാന്‍സ് തുകയായ 1.25 കോടി രൂപ മടക്കി നല്‍കാനും തീരുമാനമായി. ഒത്തു തീര്‍പ്പ് കരാര്‍ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. 2014ല്‍ ആയിരുന്നു എംടിയും ശ്രീകുമാറും രണ്ടാമൂഴം സിനിമയാക്കാന്‍ കരാറില്‍ ഒപ്പു വച്ചത്. മൂന്നു വര്‍ഷത്തിനകം സിനിമ എന്നായിരുന്നു കരാര്‍. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും സിനിമ യാഥാര്‍ത്ഥ്യമായില്ല. ഇതേ തുടര്‍ന്ന് സിനിമയില്‍ നിന്ന് പിന്മാറുകയും തിരക്കഥ തിരിച്ചുകിട്ടാന്‍ എംടി നിയമ വഴികള്‍ തേടിയതും.


🔳നിത്യ മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ഗമനത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍  ശര്‍വാനന്ദ് ആണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി  പാന്‍ ഇന്ത്യ  സിനിമയായിട്ടാണ് ഗമനം ഒരുങ്ങുന്നത്. ഗായിക ശൈലപുത്രി ദേവി ആയിട്ടാണ് നിത്യ ഗമനത്തില്‍ എത്തുന്നത്. നവാഗതനായ സുജാന റാവുവാണ് ചിത്രത്തിന്റെ സംവിധാനം.


🔳ഉത്സവകാലത്ത് ഓഫറുകളുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍. കിക്സ് എസ്യുവിക്ക് 75,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് സെപ്റ്റംബര്‍ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കിക്സിന്റെ പുത്തന്‍ മോഡലിന്  9.50 ലക്ഷം മുതല്‍  14.15 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില. 7 വേരിയന്റുകളില്‍ ലഭ്യമായ പുത്തന്‍ കിക്സിന്റെ എല്ലാ വേരിയന്റുകള്‍ക്കൊപ്പവും സെപ്റ്റംബര്‍ ഓഫറുണ്ട്.


🔳കെ.വി മോഹന്‍കുമാര്‍ രചിച്ച 'ഉഷ്ണരാശി'യുടെ തമിഴ് പരിഭാഷ പുറത്തിറങ്ങുന്നു. കഴിഞ്ഞ വര്‍ഷം പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കെ.വി. ജയശ്രീയുടേതാണ് മൊഴിമാറ്റം.  730 പേജില്‍ ബൗണ്ട് വോള്യം ആയി 'ഉഷ്ണരാശി - കരൈപ്പുറത്തിന്‍ ഇതിഹാസം 'എന്ന പേരില്‍ തിരുവണ്ണാമല വംശി ബുക്‌സ് പുറത്തിറക്കുന്നത്. ബി .എസ്. വംശി ക്യാമറയില്‍ പകര്‍ത്തിയ അപൂര്‍വ ചിത്രമാണ് പുസ്തകത്തിന്റെ പുറം ചട്ട. വില 750 രൂപ. പതിനൊന്നാം പതിപ്പിന്റെ ഭാഗമായി ഗ്രീന്‍ ബുക്‌സ് മലയാളത്തിലും 'ഉഷ്ണരാശി 'യുടെ ബൗണ്ട് വോള്യം ഇറക്കിയിരുന്നു. 'ഉഷ്ണരാശി 'യുടെ ഇംഗ്ലീഷ് പരിഭാഷ മാന്‍ ഹണ്ട് എന്ന പേരില്‍ ദില്ലി ആസ്ഥാനമായുള്ള വിതാസ്ത പബ്ലിഷേഴ്‌സ് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചിരുന്നു.


🔳അമിതവണ്ണവും പ്രമേഹവും ഉള്ളവരില്‍ കോവിഡ്  പ്രശ്‌നം ആകുന്നതിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് ശരീരത്തിലെ ഉയര്‍ന്ന അളവിലെ എസിഇ 2 റിസപ്റ്റര്‍ സാന്നിധ്യമാണ്.  കോശങ്ങള്‍ക്ക് പുറത്ത് ജീവിക്കുന്ന എസിഇ 2  റിസപ്റ്റര്‍ രക്തസമ്മര്‍ദവും രക്തക്കുഴലുകളുടെ പ്രവര്‍ത്തനവും നിയന്ത്രിക്കുന്നതില്‍ ശരീരത്തെ സഹായിക്കുന്നു. കൊറോണ വൈറസ്  കോശങ്ങള്‍ക്ക് ഉള്ളിലേക്ക് കടക്കാന്‍ ആശ്രയിക്കുന്നതും ഇതേ റിസപ്റ്ററുകളെയാണ്. എസിഇ 2  റിസപ്റ്ററുകളുടെ  എണ്ണം അമിതവണ്ണക്കാരിലും പ്രമേഹരോഗികളിലും സാധാരണയിലും കൂടുതലാകുന്നത് ഇവരുടെ ശരീരത്തിലെ വൈറസ് ലോഡ് വര്‍ധിക്കാന്‍ കാരണമാകുന്നു. ഇത് രോഗതീവ്രതയും വര്‍ധിപ്പിക്കും. പ്രായമായവരിലും ഹൃദ്രോഗികളിലും കോവിഡ് തീവ്രത കൂടുന്നതിനു പിന്നിലും ഇത്തരത്തിലുള്ള വൈറസ് ബാക്ടീരിയല്‍ സംയുക്ത പ്രവര്‍ത്തനമാണോ എന്നും ശാസ്ത്രജ്ഞന്‍ പരിശോധിക്കുന്നുണ്ട്.


ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ - 73.42, പൗണ്ട് - 95.30, യൂറോ - 87.04, സ്വിസ് ഫ്രാങ്ക് - 80.87, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.75, ബഹറിന്‍ ദിനാര്‍ - 194.87, കുവൈത്ത് ദിനാര്‍ -240.37, ഒമാനി റിയാല്‍ - 190.83, സൗദി റിയാല്‍ - 19.59, യു.എ.ഇ ദിര്‍ഹം - 20.01, ഖത്തര്‍ റിയാല്‍ - 20.19, കനേഡിയന്‍ ഡോളര്‍ - 55.84.

No comments: